Monday, June 13, 2011

മുയലും നായയും ഒരു പോസ്റ്റ് മോഡേണ്‍ ഗുണപാഠ കഥ


മുയലും നായയും ഒരു പോസ്റ്റ് മോഡേണ്‍ ഗുണപാഠ കഥ

ആമയും മുയലും പന്തയംവെച്ച കഥ കേള്‍ക്കാത്തവരുണ്ടാവില്ല. ശരാശരിമലയാളി പറഞ്ഞതും കേട്ടതുമായ ഗുണപാഠ കഥകളില്‍ പ്രധാന സ്ഥാനം ഈ ആമയുടെയും മുയലിന്റെയും കഥക്കാണ്.
ആമയും മുയലും പന്തയം വെച്ചതാണ് കഥ. ഓട്ട മല്‍സരമാണ്. ആദ്യം ആര് ഓടിയെത്തും എന്ന് അറിയണം.മല്‍സരം തുടങ്ങി. പ്രതിയോഗി ആമയായതുകൊണ്ട് മുയല്‍ പന്തയത്തിനിടെ ഒന്നുറങ്ങി.ആമയാവട്ടെ ദൃഢ നിശ്ചയത്തോടെ, മുഴുവന്‍ ഊര്‍ജവും സംഭരിച്ച് ലക്ഷ്യത്തിനുവേണ്ടി പ്രയത്നിച്ചു. ഉറക്കമുണര്‍ന്ന മുയല്‍കണ്ടത് വിജയശ്രീലാളിതനായി നില്‍ക്കുന്ന ആമയെയാണ്.മുയല്‍ ലജ്ജിച്ചു തലതാഴ്ത്തി...... ഇതാണ് ആ കഥ. ഇതിലെ ഗുണപാഠം എന്തെന്ന് എനിക്ക് ഇപ്പോഴും വലിയ പിടിയില്ല. മുയലിന്റെ അലസതയാണോ തോല്‍വിയുടെ കാരണം? അതോ അഹങ്കാരമോ, അമിതമായ ആത്മ വിശ്വാസമോ, ചെറിയവന്റെ കഴിവ് കാണാതെ പോയതോ? എന്തായിരുന്നു ഇതിലെ ഗുണപാഠം? ബെനീനടീച്ചര്‍ പറഞ്ഞത് ' അങ്ങനെ മുയല്‍ ഒരുപാഠം പഠിച്ചു' എന്നായിരുന്നു.  ഇത് പഴയ കഥ. എന്തായാലും ഈ കഥയില്‍ ഒരു ഗുണപാഠമുണ്ട്. അതെന്തുമാവട്ടെ, നമുക്ക് പുതിയ കഥയിലേക്ക് നീങ്ങാം.
ഇവിടെയും കേന്ദ്രകഥാപാത്രം മുയല്‍തന്നെ. പ്രതിയോഗി നായയാണ്. കഥയിലേക്ക്....
Add caption
ഒരുവനത്തില്‍ നാലു നായ്ക്കള്‍ എത്തി. അവര്‍ അങ്ങനെ അലഞ്ഞു നടക്കവെ ഒരു മുയല്‍ അവരുടെ മുന്നില്‍ വന്നുപെട്ടു. അതിനെ പിടികൂടി ഭക്ഷിക്കാമെന്നായി നായ്ക്കള്‍. കൂട്ടത്തില്‍ ഏറ്റവും ശൂരനും വേട്ടയാടാന്‍ അങ്ങേയറ്റം മിടുക്കനുമായ നായ കൂട്ടുകാരോട് പറഞ്ഞു. 'ഞാനാ മുയലിനെ സെക്കന്റുകള്‍ക്കകം പിടികൂടി വരാം'. മറ്റു നായ്ക്കള്‍ അതുസമ്മതിച്ചു. കാരണം അവന്റെ കഴിവില്‍ കൂട്ടുകാര്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല.ശൂരനായ നായ മുയലിന്റെ പിന്നാലെ പാഞ്ഞു. മറ്റുനായ്ക്കള്‍ മുയലിറച്ചിതിന്നുന്നതും സ്വപ്നം കണ്ട് വായില്‍ വെള്ളമൂറി അവിടെ കാത്തിരുന്നു. സെക്കന്റുകള്‍ പലതും കഴിഞ്ഞു.മിനിറ്റുകളും മണിക്കൂറുകളും പിന്നിട്ടു.പക്ഷേ ആ നായ മുയലുമായി എത്തിയില്ല. ഒടുവില്‍ ഏറെനേരം കഴിഞ്ഞ് നായ തിരിച്ചെത്തി;വെറും കൈയോടെ. കൂട്ടാളി നായ്ക്കള്‍ ചോദിച്ചു. എവിടെ മുയല്‍? മറുപടി ഉണ്ടായില്ല. കൂട്ടുകാര്‍ ശകാരവും പരിഹാസവും തുടര്‍ന്നു. ഒടുവില്‍ നമ്മുടെ നായ പറഞ്ഞു. നിങ്ങള്‍ പറയുന്നര് നേരുതന്നെ. എനിക്ക് മുയലിനെ പിടികൂടാനായില്ല.പക്ഷേ വലിയൊരു പാഠമാണ് ആ മുയല്‍ എന്നെ പഠിപ്പിച്ചത്. ഞാന്‍ മുയലിന്റെ പിന്നാലെ ഓടിയത് ഒത്താല്‍ മുയലിറച്ചി തിന്നാം എന്ന ലക്ഷ്യത്തിലായിരുന്നു. എന്നാല്‍ മുയലാകട്ടെ അതിന്റെ ജീവന്‍ രക്ഷിക്കാനായിരുന്നു ഓടിയത്.
ഇത് പുതിയ കഥ.ഇതിലെ ഗുണപാഠം ആലോചിച്ച് അധികം തല പുകക്കേണ്ടതില്ല. നമ്മുടെ ചിന്തകളില്‍ നായ കൂട്ടുകാരോട് പറഞ്ഞത് എന്നുമുണ്ടാവട്ടെ..........
കഥ തീര്‍ന്നു.

Sunday, June 5, 2011

ചായയും ഉഴുന്നുവടയും; കെങ്കേമം ഈ വിവാഹ സല്‍ക്കാരം



ചായയും ഉഴുന്നുവടയും പായസവും, ഒരു വിവാഹ സല്‍ക്കാരത്തിന് വിളമ്പിയ വിഭവം ഇത്രമാത്രമായിരുന്നു. വിവാഹം എങ്ങനെ ആര്‍ഭാടമാക്കാം എന്നതിനെക്കുറിച്ച്  മലയാളി റിസര്‍ച് നടത്തുമ്പോഴാണ് ഇത്തരമൊരു സല്‍ക്കാരം.വിളമ്പിയതില്‍ പായസം ആര്‍ഭാടമായോ എന്ന സംശയത്തിലാണ് നമ്മുടെ വരനും വധുവും.എങ്കിലും ശുഭകാര്യങ്ങള്‍ ചെയ്യുമ്പോള്‍ അല്‍പം മധുരം നല്ലതാണല്ലോ? അങ്ങനെ ലളിതവും സുന്ദരവുമായ ചടങ്ങുകളാടെ അവര്‍ ഒന്നായി.
 കൊടകര ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡംഗം കെ.ആര്‍. സോമനും 18ാം വാര്‍ഡംഗം കെ.വി. അമ്പിളിയും തമ്മിലെ വിവാഹമാണ് വളരെ ലളിതമായി നടന്നത്.   കൊടകര പഞ്ചായത്ത് കമ്യൂണിറ്റി ഹാളായിരുന്നു വിവാഹവേദി. ഇരുവരും സി.പി.എമ്മുകാരാണ്.  ഭരണസമിതിയംഗങ്ങളായി പ്രവര്‍ത്തിച്ചു തുടങ്ങിയപ്പോഴാണ് ഇവര്‍തമ്മില്‍ ഇഷ്ടത്തിലായത്. ഇരു വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം നിശ്ചയിച്ചു.ദോഷം പറയരുതല്ലോ  മരംചുറ്റിപ്രേമത്തിനൊന്നും കാമുകിയും കാമുകനും മെനക്കെട്ടില്ല. ഭരണകാര്യത്തിലായിരുന്നു ശ്രദ്ധ; ഇനിയും അങ്ങനെത്തന്നെ.
 കൊടകര ഗാന്ധിനഗര്‍ പരേതനായ കളപ്പുരക്കല്‍ രാമനാചാരിയുടെ മകനായ കെ.ആര്‍. സോമന്‍, സിനിമാ^നാടക പ്രവര്‍ത്തകന്‍ കൂടിയാണ്. 2000ല്‍ മികച്ച കുട്ടികളുടെ ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട കുരുതിപ്പൂക്കള്‍ എന്ന സിനിമയുടെ തിരക്കഥാകൃത്താണ്.  2006ല്‍ കട്ടക്കില്‍ നടന്ന ദേശീയ നാടകോല്‍സവത്തില്‍ സോമന്‍ എഴുതി സംവിധാനം ചെയ്ത ഹിന്ദി നാടകത്തിനും പുരസ്കാരം ലഭിച്ചിരുന്നു. മനക്കുളങ്ങര കാഞ്ഞിരപ്പറമ്പില്‍ വേലായുധന്റെ മകളാണ് അമ്പിളി.വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സനും കൂടിയാണ്.

Sunday, May 29, 2011

 മിസിസ് മാത്യു  
അഥവാ മത്തായി മാപ്ലയുടെ ഇടതുവശം

കുന്നംകുളത്തെ പ്രമുഖ വട്ടിപ്പലിശക്കാരന്‍ മത്തായി മാപ്ല നാടുനീങ്ങി.കൊള്ളപ്പലിശക്ക് പണംകൊടുത്തിരുന്ന മത്തായി മാപ്ലയില്‍നിന്ന് പണം പലിശക്കെടുക്കാത്ത ആരും ആ നാട്ടിലുണ്ടായിരുന്നില്ല. ബ്ലേഡ് മത്തായി എന്ന മത്തായി മാപ്ലക്ക് പലിശകൊടുത്ത് പലരും മുച്ചൂടും മുടിഞ്ഞു. എതാലും മത്തായി മാപ്ലയുടെ ഭൌതികശരീരം അവസാനമായി ഒരുനോക്കുകാണാന്‍ നാടിളകി ആളുകളെത്തി. ^ചത്തുകിടക്കുകയാണെങ്കിലും ചമഞ്ഞുകിടക്കണമല്ലോ? ആരും കുറ്റം പറയില്ല;മത്തായി മാപ്ല ചമഞ്ഞ്  നിവര്‍ന്നുകിടന്നു. വന്നവര്‍വന്നവര്‍ മത്തായി മാപ്ലയെ സ്തുതി പറഞ്ഞുകൊണ്ടേയിരുന്നു.നല്ലതുമാത്രമേ അവര്‍ക്ക് പറയാനുള്ളൂ.മകളെ കെട്ടിച്ചുവിടാന്‍ മത്തായി മാപ്ല പണംകൊടുത്തതും മരിച്ചുപോയ അമ്മായിയപ്പന്റെ അടിയന്തിരം കെങ്കേമമായി നടത്താന്‍ മത്തായിച്ചേട്ടന്‍ സഹായിച്ചതും..... അങ്ങനെ നീണ്ടു മത്തായി മാപ്ലയുടെ സദ്പ്രവൃത്തികള്‍. ആയിരവും പതിനായിരവും മത്തായി മാപ്ലയില്‍നിന്ന് കടംവാങ്ങി പലിശകയറി കിടപ്പാടം നഷ്ടപ്പെട്ടവരും നല്ലതുതന്നെ പറഞ്ഞുകൊണ്ടേയിരുന്നു;ശവപ്പെട്ടിയില്‍ മത്തായി മാപ്ല ചമഞ്ഞുതന്നെ കിടന്നു. നാട്ടുകാരുടെ നല്ലതു പറയല്‍ കേട്ട് സഹികെട്ട മിസിസ് മത്തായിക്ക് ഒരു സംശയം.അവര്‍ മകനെ അരികില്‍ വിളിച്ചു, പതിയെ പറഞ്ഞു. മോനേ എ്നനിക്കൊരു സംശയം, നീ ആ ശവപ്പെട്ടീലേക്ക് ഒന്നുകൂടെ നോക്യോക്ക്യേ.... നിന്റെ അപ്പന്‍ തന്ന്യാണോ അതില് കെടക്കണത്?  അപ്പോഴും മത്തായി മാപ്ല ചമഞ്ഞു കിടക്കുകയായിരുന്നു....

Saturday, May 28, 2011

ഒരു വാഴയും കുറേ ആകുലതകളും


ഒരു വാഴയും കുറേ ആകുലതകളും

അനന്തരം ഞാനും വാഴ നട്ടു.ഒന്നല്ല പത്തല്ല ഇരുപത്തിമൂന്ന് കന്ന് വാഴകള്‍.അവ പച്ച മണ്ണില്‍ വേരുകളിറക്കി,പുതുനാമ്പുകള്‍ കാട്ടി പച്ചപ്പ് വിരിച്ചു. ഞാന്‍ അവക്ക് വെള്ളമൊഴിച്ചു,വളമിട്ടു. ഈ വാഴകളെല്ലാം കുലച്ചാല്‍? മനക്കണക്കുകള്‍ എന്നെ നാലാം ക്ലാസിലെ ബെനീന ടീച്ചറുടെ മുന്നിലെ പൂവന്‍പഴം പോലത്തെ കുട്ടിയാക്കി. ഞാന്‍ കൂട്ടിയും കിഴിച്ചും മനപ്പായസമുണ്ടു. നാലുംമൂന്നും ഏഴ്,ഏഴും മൂന്നും പത്ത്, പതീറ്റ്മുക്കാല്‍ ഏഴര......കണക്കുകള്‍ പായക്കപ്പല്‍ കണക്കെ പാഞ്ഞുനടന്നു. കാരണവന്‍മാര്‍ പറഞ്ഞതെത്ര ശരിയാണ്.അവസാനം ഖേദിക്കാതിരിക്കാന്‍ പത്തുവാഴ വെക്കുന്നതു തന്നെയാണ് നല്ലത്.എന്തെങ്കിലും പ്രയോജനം ഉണ്ടാകാതിരിക്കില്ല.
പണ്ട്, വളരെ പണ്ടൊന്നുമല്ല, റേഷന്‍ കടയില്‍ പോകാന്‍ പറഞ്ഞിട്ട് അനുസരിക്കാത്തതിന് വാപ്പ പറഞ്ഞത് ഞാനോര്‍ത്തു.'നിന്നെയൊക്കെ ഉണ്ടാക്കിയ നേരം കൊണ്ട് പത്ത് വാഴ വെച്ചാല്‍ മതിയായിരുന്നു'.വാപ്പാക്ക് വാഴ വെക്കാത്തതിന്റെ സങ്കടം ഇതുവരെ മാറിയിട്ടില്ല.ഇപ്പോഴും ഇടക്കിടെ വാഴങ്കന്ന് അന്വേഷിച്ച് നടക്കാറുണ്ട്. എനിക്ക്  അങ്ങനെയൊരു ഖേദം ഉണ്ടാവരുതല്ലോ. അങ്ങനെയാണ് ഞാനും വാഴ നട്ട് കര്‍ഷകനായത്.സംഗതി വാപ്പ പറയുന്നത്ര എളുപ്പമുള്ള കാര്യമൊന്നുമല്ല.വാഴ നട്ട് വലുതാക്കുക, പിന്നെ കുല വരിക എന്നുവെച്ചാല്‍ ഇച്ചിരി പണിയുള്ള കാര്യം തന്നെയാണ്.
കണക്കുകള്‍ പിഴച്ചു. ഞാന്‍വെച്ച വാഴകള്‍ വൈകാതെത്തന്നെ നശിച്ചു.കുഞ്ഞുങ്ങളെ പരിപാലിക്കുന്നപോലെ നോക്കിയാലേ വാഴകള്‍ വളര്‍ന്ന് ഫലം തരൂ എന്ന് ഉമ്മ പറഞ്ഞ് ഞാനറിഞ്ഞു.രണ്ടും ശ്രമകരമായ ജോലിതന്നെ.എന്തായാലും വാഴ അവിടെ നില്‍ക്കട്ടെ, കുഞ്ഞുമതി. ഞാന്‍ എന്റെ കുഞ്ഞിന്റെ അടുത്തേക്ക് പോയി.അവന്റെ മുഖത്തെ ഇപ്പോഴത്തെചിരി ഒരു വിജയിയുടേതാണോ? ആവാം.
ഇതിനിടെ എപ്പോഴോ വാപ്പ തേടിപ്പിടിച്ച് കൊണ്ടുവന്ന് നട്ട വാഴ കുലച്ചു.കുല വിരിയുന്നത് വാപ്പ ഓരോ ദിവസവും മുകളിലേക്ക് നോക്കി നിരീക്ഷിച്ചു.പക്ഷേ വാഴയും ഉപ്പയെ നിരാശപ്പെടുത്തി, മൂത്ത മകനെപോലെ. കുടപ്പന്‍ വിരിഞ്ഞു തീരാറായിട്ടും ആ വാഴയില്‍ ഒരു കായപോലും ഉണ്ടായില്ല.അത് അങ്ങനെ വിരിഞ്ഞ് വിരിഞ്ഞ് തീര്‍ന്നു.എന്തൊരു കാലക്കേടാണിത്... ഞാന്‍ മനസ്സില്‍ ഊറിച്ചിരിച്ചു.എങ്കിലും വാപ്പ നിരാശ പുറത്തുകാട്ടിയില്ല. പിന്നെയും ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു.നിന്നെയൊക്കെ വളര്‍ത്തി വലുതാക്കിയ നേരംകൊണ്ട് പത്തു വാഴവെച്ചിരുന്നെങ്കില്‍.....